Wednesday, November 6, 2013


സാഗരിക..........












കടലെന്നും അവളിൽ  ഉത്സാഹം  നിറച്ചിരുന്നു...ജീവൻ  നിറച്ചിരുന്നു ... . തിരകളെണ്ണി..കടലിരമ്പത്തിനൊപ്പം  തന്റെ ജീവിതത്തിൻറെ ഈണങ്ങൾ   കോർത്തിണക്കി  മതിമറന്നവളിരിക്കുന്നതും, ചിലപ്പോൾ തിരകൾക്ക് മീതെ പറക്കുന്ന പറവകളിലൊന്നായി   മാറുന്നതും  എനിക്ക് കൗതുകമായിരുന്നു .കാഴ്ചകളെ നിശ്ചലമാക്കി ചില്ലിട്ടുവെയ്ക്കുംപോലെ ,അവളിലെ ഓരോ മാറ്റങ്ങളെയും  നിശ്ചലമാക്കി  ഞാൻ മനസ്സിൽ സൂക്ഷിച്ചു.ചിരിമാഞ്ഞ  മുഖവുമായി   അവളെ കണ്ടിട്ടില്ല... .പറയത്തക്ക സങ്കടങ്ങളുള്ളതായി  അറിയുകയുമില്ല .മേഘങ്ങൾ  നിലാവിനെ മറയ്ക്കും പോലെ അവളെന്ന  പ്രകാശത്തെ മറയ്ക്കുവാനാരോ  ശ്രമിക്കുന്നതായി എനിക്ക്തോന്നിയിട്ടുണ്ട്........ഒരു പക്ഷെ അത് വെറും  തോന്നലായിരുന്നിരിക്കാം ...........ഈ ഒരു ഭാവമാറ്റം  ഞാൻ അവളിൽ  ശ്രദ്ധിച്ചത്‌  കൂട്ടുകാരൊത്ത് ക്ഷീണം മറക്കാൻ  കടല്ക്കാഴ്ച്ചകളിൽ    ചേക്കേറുന്ന ദിനങ്ങളിലൊന്നിലാണ്........മറ്റാരെങ്കിലും അത് ശ്രദ്ധിച്ചിരുന്നുവോ എന്നെനിക്കറിയില്ല .....പക്ഷെ  ഒരു കാര്യം ഇന്നെനിക്കുറപ്പാണ്..കടലിനോടു  പങ്കുവെയ്ക്കുവാൻ   അവൾക്ക്  പ്രണയവും ആഹ്ലാദവും പരിഭവങ്ങളും  നിറഞ്ഞ കഥകളുണ്ടായിരുന്നു...അവൾ ഓരോ തിരയോടും ഓരോ രഹസ്യം പറയുമായിരുന്നു ...  .ഒരു പക്ഷെ ആ  ആഴങ്ങളിൽ അവൾക്കു മാത്രം പരിചിതനായ  ഒരു  സുഹൃത്ത്  ഉണ്ടായിരുന്നിരിക്കാം ......

                               അവളുടെ  കണ്ണുകളിൽ  അപൂർണമായ  ഒരു ശില്പത്തിന്റെ  പ്രതിഫലനം  ഞാൻ പലപ്പോഴും  തിരിച്ചറിഞ്ഞു .മണൽത്തരികളിൽ  അവളുടെ മൃദുവിരലുകൾ കോറിയിട്ട  കവിതകൾ ഒരു  മാത്ര  കൊണ്ട്  തിരമാലകൈകൾ  മായിച്ചുകളഞ്ഞു ,ഒരു പിണക്കത്തിന്റെ  കാട്ടിക്കൂട്ടലുകൾ  പോലെ ......ആ നാലുവരിക്കവിതകൾ അവനോടുള്ള ചോദ്യങ്ങൾ  ആയിരുന്നിരിക്കണം.....തന്റെ  ഹൃത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന ശില്പത്തി ന്  രൂപം നൽകി... മോക്ഷം കൊടുക്കുവാനായി.. മെനഞ്ഞെടുത്ത ചോദ്യങ്ങൾ  ....എന്നാൽ അവൾക്ക്  മറുപടികൾ  ലഭിച്ചില്ല... .അപൂർണതയാൽ  വെന്തുരുകുന്ന ആ രൂപം അവളുടെ കണ്ണുകളിൽ നിന്നും ചുട്ടുപഴുത്ത കണ്ണുനീരായിപുറത്തേക്കൊഴുകി  കടലിനോടു  ചേർന്നു ......

                                  ഇന്നിവിടെ  ഏകനായി  നിൽക്കുമ്പോൾ ,അവസാനമായി എല്ലാവെരുമൊന്നിച്ച്  ഈ തീരത്ത്  നിന്നതോർക്കുന്നു... , മൂന്നാംപക്കം  പതിമാഞ്ഞ  പുഞ്ചിരിയുടെ  നനവുള്ള  മുഖവും ,ഒരു അമൂല്യമായ സമ്മാനം പോലെ കൈകളിൽ ചുരുട്ടിപിടിച്ച മുത്തുമായി ....അവളെ  തിരകൾ തിരികെയെത്തിച്ചു ......ആരോടും പറയാതെ , ആരെയും  അറിയിക്കാതെ...മുത്തുകളുടെയും..ചിപ്പികളുടെയും രാജകുമാരനെ ഒരു നോക്ക്   കാണുവാൻ  പോയതാവണമവൾ....ഉരുകിത്തീ രുന്നതിന് മുൻപ്  തന്റെ  ഉള്ളിലെ  അവന്റെ ശില്പം  പൂർണമാക്കുവാൻ .......   

Thursday, March 22, 2012

                 തട്ടമിട്ട്, കാലുകൾ കൂടി മൂടി മറച്ച്, വിളറിയ വെളുപ്പുള്ള കൈവിരലുകളും,ചുവന്നു തുടുത്ത കവിളുകളും മാത്രം പുറത്തുകാട്ടി നടന്ന എന്റെ കൂട്ടുകാരി.....സുഹറ. സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും കോട്ടകൾ തീർത്തു നടന്നവരിൽ ഒരുവൾ. ഉപ്പയുടെ വാക്കുകൾ കേട്ട്, നോമ്പുകൾ നോക്കി, ആചാരങ്ങൾക്കൊപ്പം ജീവിച്ച പെൺകുട്ടി. ഉന്നക്കായയും ബിരിയാണിയും ഞങ്ങൾക്കായി കൊണ്ടു വന്നവൾ. ഫിസിക്സിനെപ്പറ്റിയും മാത്സിനേപ്പറ്റിയും വാതോരാതെ സംസാരിച്ചിരുന്നവൾ. ഭാവിയിൽ ഒരു വലിയ ശാസ്ത്രഞയായി പേരെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചവൾ.
                 ഞങ്ങളുടെ സ്കൂൾപഠനം കഴിഞ്ഞ് ഏകദേശം ആറുവർഷങ്ങൾക്കുശേഷമാണ് യാദൃശ്ചികമായി അവളെ എയർപോർട്ടിൽവെച്ച് കണ്ടുമുട്ടിയത്. പർദ്ദയിൽമൂടിനിന്നിരുന്ന അവളെ ഞാൻ ശ്രദ്ധിച്ചില്ല. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ, ദൈവത്തിന്റെ വികൃതികളിൽ അധിക രൂപമാറ്റമില്ലാത്ത എന്നെ അവൾ തിരിച്ചറിഞ്ഞ് ഓടി അടുത്തുവന്നു. ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അവളുടെ കൈയിലിരുന്ന കുഞ്ഞും എന്നേനോക്കി പുഞ്ചിരിച്ചു. തട്ടമിട്ട് നാണത്തോടെ അവളുടെ കൈയിൽതൂങ്ങിനിന്നിരുന്ന കുഞ്ഞുമാലാഖ എന്നെ ഇടക്കിടെ ഒളിഞ്ഞു നോക്കികൊണ്ടിരുന്നു. എന്റെ കണ്ണും മനസ്സും ഒരു നിമിഷം സുഹറയിൽ തന്നെ ഉറച്ചുനിന്നു. പഴയ ഒന്നാംറാങ്കുകാരിയുടെ പ്രസരിപ്പോ, എന്തെങ്കിലുംഒ ക്കെ എന്റെ നാടിനുവേണ്ടി കണ്ടുപിടിക്കും എന്നു ശക്തമായി പറഞ്ഞിരുന്ന ആ ഭാവി ശാസ്ത്രജ്ഞയുടെ ചുറുചുറുക്കോ ഒന്നുമില്ലാത്ത അവളുടെ കണ്ണുകളിൽ മറ്റൊരു ജീവിതസത്യത്തിന്റെ തിളക്കം ഞാൻ കണ്ടു. ഒരു ഭാര്യയുടേ, അമ്മയുടെ, മാത്രം ഭാവമുള്ള, സ്വരമുള്ള സുഹറ, സ്വപ്നങ്ങളേക്കാൾ യാഥാർഥ്യങ്ങളേ ഉൾക്കൊള്ളുന്ന സുഹ്റ. എന്തൊക്കെയോ എന്നോടവൾ ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി പറയുമ്പോഴും അപ്രതീക്ഷിത രൂപഭാവങ്ങളുള്ള സുഹറയ്ക്കു മുന്നിൽ അവളോടുള്ള എന്റെ ചോദ്യങ്ങളെല്ലാം ഒരു വിമ്മിഷ്ടമായ് എന്നിൽ തങ്ങിനിന്നു. എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ അവൾ എന്റെ ചോദ്യങ്ങൾക്കല്ലാം ഉത്തരം നൽകി.
           സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സുഹറ അവളുടെ ആഗ്രഹം പോലെതെന്നെ Bscക്കു ചേർന്നു. എന്നാൽ ആറുമാസത്തെ ആയുസ്സുമാത്രമേ ആ കോളേജ് ജീവിതത്തന് ഉണ്ടായിരുന്നുള്ളൂ. കുടുംബം, സൗന്ദര്യം, ജോലി, എല്ലാംകൊണ്ടും സമ്പന്നനായ ഒരു ദുബായ്കാരൻ അവളെ പെണ്ണുകാണാനെത്തി. ഇതിനേക്കാൾ നല്ലൊരു ബന്ധം തന്റെ കുടുംബത്തിനോ മകൾക്കോ കിനാവ് കാണുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആ ഉപ്പ, പാവം സുഹറയുടെ സ്വപ്നങ്ങളെ കണ്ടതേയില്ല.... പ്രൗഢിയും പത്രാസ്സുമുള്ള, ആചാരങ്ങൾ ദൃഢമായി പാലിച്ചിരുന്ന ആ കുടുംബത്തിൽ അവളുടെ ആഗ്രഹങ്ങൾക്കോ വാക്കിനോ പ്രസക്തി ഉണ്ടായിരുന്നില്ല.... മേനിനിറയെ പൊന്നിന്റേയും പട്ടിന്റേയും തിളക്കം നിറഞ്ഞപ്പോൾ അത്തറിന്റെ മണം പടർന്നപ്പോൾ, ഉപ്പയുടെ വാക്കിനെ എതിർക്കാനറിയാത്ത, അതിഷ്ടപ്പെടാത്ത അവൾ അവളുടെ കിനാവുകളിലെ ഉയരങ്ങളിലുള്ള.... നക്ഷത്രത്തിളക്കമുള്ള...ആ ലോകവുമായുള്ള ബന്ധം മുറിച്ചുമാറ്റിയതാവാം. ഒരുപക്ഷേ ആ കിനാവുകൾ ചുട്ടുപഴുത്തപ്പോൾ ഹൃദയത്തിനുള്ളിൽത്തന്നെ ഒരു മുറിവുണ്ടാക്കി അവയെ മൂടിയതാവാം...

            ഇന്നവളുടെ മുഖത്ത് സന്തോഷത്തിന്റേ ഇതളുകൾ മാത്രമേ കാണുവാനുള്ളൂ. ആ ഹൃദയത്തിനുള്ളിലെ മുറിവുണക്കാൻ സ്നേഹനിധിയായ ഭർത്താവിനും അവൾ നെഞ്ചോടടുക്കി  പിടിച്ചിരിക്കുന്ന ആ കുഞ്ഞുങ്ങൾക്കും കഴിയുന്നുണ്ടാവും.. എനിക്കാറിയാവുന്ന സുഹറ അല്ല ഇന്നവൾ. ദുബായ്  ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും മാത്രം സംസാരിക്കാനറിയാവുന്ന തികഞ്ഞൊരു വീട്ടമ്മ. ജീവിതത്തിന്റെ ഗതി ഈശ്വരന്റെ ചിന്തകൾക്കും ഇഷ്ടങ്ങൾക്കുമൊപ്പം മാറിമറിയുമെന്ന് തോന്നിയ നിമിഷം... എനിക്കു പരിചയമുള്ള  എന്റെ പഴയ സുഹറ ആ തട്ടത്തിനുള്ളിൽ എവിടെയോ എവിടെയൊ  എനിക്കു മുഖം തരാതെ ഒളിഞ്ഞിരിക്കുന്നുണ്ടോ...?? അതൊ ആ തട്ടത്തിനുള്ളിൽ മറഞ്ഞുമാഞ്ഞു പോയോ......?????                                                                      

Saturday, October 30, 2010

ഒരു നിമിനേരം ഭൂമി നിശ്ചലമായ്-
നിര്‍വികാരതനിറഞ്ഞ വദനംപോല്‍
പ്രകൃതി നിശ്ശബ്ദതയിലാണ്ടു
ഈണങ്ങളില്ല സ്വരങ്ങളില്ല
കുളിര്‍കാറ്റിന്‍ കൊഞ്ചലുകളില്ല
ബാല്യത്തിന്‍ കുസൃതികളില്ല
കുപ്പിവളക്കിലുക്കങ്ങളില്ല
വാഗ്വാദങ്ങളില്ല രോദനങ്ങളില്ല
പൊട്ടിച്ചിരികള്‍ എങ്ങോപോയ് മറഞ്ഞു
ശൂന്യത നിറഞ്ഞ ചിന്തകള്‍
ഹൃദയത്തിന്‍ മിടുപ്പുകളിലലിഞ്ഞു..
ഒരു നിമിനേരം ഭൂമി തുടിക്കാതിരുന്നു
ഓളങ്ങള്‍ ഒഴിഞ്ഞ പുഴയും
അലകള്‍ ഉയരാത്ത ആഴിയും
ശിലകള്‍ കണക്കെ മൂകതയിലാണ്ടു
അഗ്നി പാതി ഭുജിച്ച ജഡം
വെന്തു തീരാന്‍ കാത്തിരുന്നു
ഘടികാരസൂചിയില്‍ നിലകൊണ്ട മര്‍ത്ത്യന്റെ
കണ്ണുകള്‍ പാതി തുറന്നും അടഞ്ഞും ഇരുന്നു.

Friday, July 31, 2009

ചുടുകണ്ണീര്‍...
കവിള്‍ത്തടങ്ങള്‍ നനച്ചുതിര്‍ന്നുവീണീടവെ..
കിളിയൊഴിഞ്ഞ കൂടുകണക്കെ മൂകമാം
ഈ തറവാടിനകത്തളത്തിലൂടെ ഞാനലയവേ..

കസവുനേര്യതുചുറ്റി
കൈകളില്‍ കണ്ണന്റെ ചിത്രവുമായി
നാമം ജപിക്കുമെന്‍ മുത്തശ്ശി മാത്രം,
അവ്യക്ത്മായെന്‍ ഉള്ളില്‍ നിറഞ്ഞു..

നാലുകെട്ടിന്‍ ഓരത്തിരുന്ന്
കഥകളിപ്പാട്ടുകള്‍ ചൊല്ലിത്തന്ന്
അരുമയാമെന്നെ മാറോടണച്ച്
വാത്സല്യത്തിന്‍ ചൂടുപകര്‍ന്നൊരെന്‍ മുത്തശ്ശി...

മുത്തശ്ശിയമ്മയെ തേടിയലഞ്ഞു ഞാന്‍
വടക്കിനിക്കുള്ളിലും, കോലായിലും!

ഇന്നീ
നിഴലിനെ തനിച്ചാക്കി,
മണ്ണിലാക്കാലടികള്‍ പതിക്കാതെ
നടന്നകന്നതെവിടേക്ക്..?

എന്‍ ഓര്‍മ്മതന്‍ മണിച്ചെപ്പില്‍
കടുംവര്‍ണ്ണങ്ങള്‍ വിതറി
കടന്നുപോയതെവിടേക്ക്.. ?

ഈ തറവാടിനേയും തൊടിയേയും
നിശ്ശബ്ദ്തയിലാഴ്ത്തി
മറഞ്ഞുപോയതെവിടേക്ക്.. ?

സ്ഫടികപാത്രം പൊട്ടിയപോല്‍
കണ്ണീര്‍ത്തുള്ളികള്‍ ചിതറിവീണു
ഇന്നീ തറവാടിന്നങ്കണത്തില്‍ !

ഹേമന്തമില്ല വസന്തമില്ല
വര്‍ഷകാലത്തിന്‍ കുളിരുമില്ല..

എരിയും സൂര്യന്‍ കണക്കെ
മനക്കാമ്പില്‍ നിറഞ്ഞുനില്‍ക്കും,
സ്മരണകള്‍ മാത്രം.. !!

Thursday, July 30, 2009

പാല്‍പ്പായസം കണ്ട പൂച്ചക്കുട്ടിപോല്‍
ബൂലോകം കണ്ടു കൊതിച്ചു പോയ്
ആ പാല്‍പ്പായസത്തില്‍ മതിയാവോളം
തലകുത്തിമറിയാന്‍....,നീന്തിത്തുടിക്കാന്‍...., മോന്തിക്കുടിക്കാന്‍..., കിലുക്കാമ്പെട്ടിയും കൈയില്‍ത്തൂക്കി വന്നല്ലോ ഈ കുട്ടിക്കുറിഞ്ഞിയും......

സ്വീകരിക്കണം......തെറ്റുകള്‍ തിരുത്തിത്തരണം......അനുഗ്രഹിക്കണം......
 

Copyright 2010 കുറിഞ്ഞി .

Theme by WordpressCenter.com.
Blogger Template by Beta Templates.